ശ്രീവിദ്യാ തന്ത്രത്തെക്കുറിച്ച് പഠിക്കുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് യാതൊരു ഫീസും കൂടാതെ, രാജരാജേശ്വരി ദേവിയോടുള്ള സേവനമായി മാത്രം അറിവ് പകർന്നു കൊടുക്കുക എന്ന പ്രധാന ലക്ഷ്യത്തോടു കൂടിയാണ് കേരളം ആസ്ഥാനമായിട്ടുള്ള ശ്രീവിദ്യാ തന്ത്ര പീഠം രൂപവത്ക്കരിക്കപ്പെട്ടിട്ടുള്ളത്.
മഹാനിർവാണ തന്ത്രം, കുലാര്‍ണവ തന്ത്രം, ഏന്നിങ്ങനെ മറ്റ് നിരവധി ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിരിക്കുന്നതു പ്രകാരം, കലിയുഗത്തിൽ ആത്മ സാക്ഷാത്കാരത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് തന്ത്രം. രാജരാജേശ്വരി താന്ത്രിക മോക്ഷ വിദ്യ, അർഹരായ എല്ലാവർക്കും ജാതി മത ലിംഗ ഭേദമന്യേ പ്രാപ്യമാക്കുവാൻ ആണ് ശ്രീവിദ്യാ തന്ത്ര പീഠം പരിശ്രമിക്കുന്നത്.
ശ്രീവിദ്യയുടെ ഭക്തി, ജ്ഞാന, ക്രിയ, ചര്യ മാർഗങ്ങളിലുള്ള പാഠ ഭാഗങ്ങൾ, ലോകമെമ്പാടുമുള്ള ശ്രീവിദ്യാ സാധകർക്ക് വേണ്ടി, ശ്രീവിദ്യാ തന്ത്ര പീഠത്തിന്റ്റെ യൂട്യൂബ്, ഇൻസ്റ്റാ, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ശ്രീവിദ്യയുടെ അടിസ്ഥാനമായ കുണ്ഡലിനി തന്ത്രമാണ്, ശ്രീവിദ്യാ പൂജ ക്ലാസ്സിലും ശ്രീവിദ്യാ യോഗ ക്ലാസ്സിലും, ഭക്തി ചര്യ ജ്ഞാനം എന്നിവ ചേർത്ത് പൂജ-യോഗ ക്രിയകളിൽ പഠിപ്പിക്കുന്നത്. പഠിപ്പിക്കുന്ന ക്രിയകളുടെ പ്രാധാന്യവും, അന്തരാർത്ഥവും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളും, എല്ലാം പല വശങ്ങളിൽ നിന്നും വിശകലനം ചെയ്ത്, പഠനത്തിൽ നിന്നും പൂർണ അറിവ് നൽകുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ഓൺലൈനിൽ ആയാലും , നേരിട്ട് പഠിച്ചാലും, ഓരോ ശിഷ്യനും വ്യക്തിഗത ശ്രദ്ധയാണ് നൽകുന്നത്. പാഠ്യ/സാധനയുടെ ഓരോ ഘട്ടത്തിന്റ്റെയും പുരോഗതിയെ അടിസ്ഥാനമാക്കി മാത്രമേ സാധനയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
ശ്രീവിദ്യാ തന്ത്ര പീഠത്തിലെ പഠന രീതി, ഗുരുകുല സമ്പ്രദായത്തെ അടിസ്ഥാനപെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിന് മുമ്പ്, ഓരോ ശിഷ്യനും അതാതു ഘട്ടങ്ങളിലെ പഠിപ്പിച്ച കാര്യങ്ങൾ സ്വായത്തമാക്കി കാണിക്കേണ്ടതുണ്ട് . അതിനാൽ തന്നെ ആത്മീയ പുരോഗതി കൈവരിക്കാനുള്ള പ്രതിബദ്ധത ഒന്നു മാത്രമാണ് ശിഷ്യന്മാരിൽ നിന്നും ശ്രീവിദ്യാ തന്ത്ര പീഠം പ്രതീക്ഷിക്കുന്നത്.