Select Page

ശ്രീവിദ്യാ ക്രമദീക്ഷ

പ്രഥമ ഉപദേശം

ശ്രീവിദ്യായിലെ പ്രഥമ ഉപദേശ നടപടി പ്രകാരം , സാധാരണയായി മൂന്നു ദീക്ഷകൾക്കു ശേഷമേ ത്രിപുര സിദ്ധാന്തം ചൊല്ലികൊടുക്കുകയും മന്ത്ര ദീക്ഷ നൽകുകയും ചെയ്യുകയുള്ളൂ. ഈ മൂന്നു ദീക്ഷകളിൽ ആദ്യം ശാംഭവി ദീക്ഷയും, രണ്ടാമത് ശക്തി ദീക്ഷയും, തുടർന്ന് മന്ത്രി ദീക്ഷയും നൽകുന്നു. ഇതിൽ ശിഷ്യന്റ്റെ കലശാഭിഷേകവും ഉൾപ്പെടുന്നു. തുടർന്ന്‌ ശിഷ്യൻ, തന്റ്റെ നനഞ്ഞ വസ്ത്രം മാറ്റി, പുതിയ വസ്ത്രങ്ങൾ ധരിച്ച് നിരവധി ന്യാസങ്ങളും ശുദ്ധീകരണ പ്രക്രിയകളും ഉൾപ്പെടുന്ന അടുത്ത നടപടി ക്രമത്തിലേക്കു കടക്കുന്നു. ചില പ്രക്രിയകൾ ശിഷ്യന്റ്റെ കണ്ണ് കെട്ടിയിട്ടും, മറ്റു ചിലത് കണ്ടു കൊണ്ടും ആവും നടത്തുക . എന്നിട്ടു ത്രിപുര സിദ്ധാന്തം ചൊല്ലി കൊടുക്കുന്നു, തുടർന്ന് മറ്റു ചില പ്രക്രിയകൾക്കു ശേഷം ഗുരുപാദുക മന്ത്രോപദേശവും ഗണപതിയുടെയും ബാലയുടെയും മൂലമന്ത്രോപദേശങ്ങളും നൽകുന്നു. ശ്രീവിദ്യാ പ്രഥമ ഉപദേശത്തിന്റ്റെ സംക്ഷിപ്‌ത രൂപരേഖയാണിത്.

ക്രമ ദീക്ഷയുടെ ആവശ്യം

പലരും തന്ത്രത്തിൽ “ഒരു മന്ത്രം – ഒരു ദേവതാ” സമ്പ്രദായത്തെ, അതിന്റ്റെ അർഥം മനസ്സിലാക്കാതെ പിന്തുടരാൻ ശ്രമിക്കുന്നു. “ഒരു മന്ത്രം – ഒരു ദേവതാ” സമീപനം ഭക്തി മാർഗ്ഗത്തെ സഹായിക്കുമെങ്കിലും , എന്തെങ്കിലും കാരണവശാൽ പിന്തുടരുന്ന മന്ത്രമോ -ദേവതയോ സാധകന്റ്റെ പ്രാപ്തിയുമായി പൊരുത്തപ്പെടാത്തതാണെങ്കിൽ അത് പോസിറ്റീവിനേക്കാൾ നെഗറ്റീവ് ഫലങ്ങൾ തരാം. “ഒരു മന്ത്രം-ഒരു ദേവത” ഉപയോഗിച്ചുള്ള മോക്ഷത്തിനായുള്ള അന്വേഷണം പലപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങളോ ആരോഗ്യപ്രശ്നങ്ങളോ, സ്വയം അല്ലെങ്കിൽ പ്രിയപ്പെട്ടവർക്കോ ഉണ്ടാക്കാം. അതുകൊണ്ടാണ് ശ്രീവിദ്യയെപ്പോലുള്ള തന്ത്രപദ്ധതികൾ, സാധകന്റ്റെ പക്വതക്ക് അനുസരിച്ചുള്ള ആത്മീയ വളർച്ചയ്ക്ക് വഴി തെളിക്കാൻ ക്രമത്തിലുള്ള സാധനാ സമീപനം പിന്തുടരുന്നത്. ശ്രീവിദ്യയിൽ മാത്രമല്ല, ഉഗ്ര കാളിയിലൂടെ ദേവിയെ സമീപിക്കുമ്പോൾ പോലും, സാധകന് തടസ്സങ്ങൾ നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനു , ധന കാളി പോലുള്ള അംഗ-ഉപാംഗ ദേവതകളുമായുള്ള തന്ത്ര പദ്ധതികൾ പിന്തുടരേണ്ടതുണ്ട്.

ധനസമ്പാദന മാർഗ്ഗമല്ല

ആചാരങ്ങൾ അവഗണിച്ചാലും വേണ്ടില്ല, നിർഭാഗ്യവശാൽ പല ആധുനിക ഗുരുക്കന്മാരും , പ്രഥമ ഉപദേശത്തിൽ ത്രിപുര സിദ്ധാന്തത്തെ പോലും പഠിപ്പിക്കുന്നില്ല. ശിഷ്യന്റ്റെ കർമ്മഭാരം ഉണ്ടാകാതിരിക്കാൻ വേണ്ടി മിക്കവരും ദീക്ഷയായല്ലാതെ മന്ത്രം മാത്രമാണ് പറഞ്ഞു കൊടുക്കുന്നത്. ശ്രീവിദ്യയിൽ ദീക്ഷയും മന്ത്ര ഉപദേശവും ഘട്ടം ഘട്ടമായാണ് ചെയ്യുന്നത് . കലശവും പൂജയും ഉപയോഗിച്ച് ഗ്രന്ഥങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്നതു പ്രകാരം ഗുരു പരമ്പരാഗത രീതിയിൽ ഇത് നിർവ്വഹിക്കണം. ശ്രീവിദ്യാ തന്ത്ര സമ്പ്രദായത്തിൽ നിർബന്ധിതമായുള്ള ഈ ചിട്ടവട്ടങ്ങളൊന്നും പാലിക്കാതെ പലരും ഒരു ഓൺലൈൻ ബിസിനസ്സ് അല്ലെങ്കിൽ ഗ്രൂപ്പ് /വ്യക്തിഗത സംരംഭങ്ങൾ ആയിട്ട് മന്ത്ര ഉപദേശങ്ങൾ ആരംഭിച്ചിട്ടുണ്ട് .

“കുറഞ്ഞത് ഒരു വർഷമെങ്കിലും ശ്രീവിദ്യാ തന്ത്രപീഠത്തിൽ സൗജന്യ ശ്രീവിദ്യാ ക്ലാസുകൾ പഠിച്ചവർക്കും, സൗജന്യ ക്ലാസുകളിൽ പഠിപ്പിച്ചതുപോലെ ഓരോ ഘട്ടത്തിലും ദീക്ഷയുടെ പ്രാപ്തി/പക്വത പ്രദർശിപ്പിച്ചവർക്കും മാത്രമേ ശ്രീവിദ്യാ തന്ത്രപീഠം ശ്രീവിദ്യാ ക്രമദീക്ഷ ലഭിക്കാനുള്ള സഹായം ചെയ്തു കൊടുക്കുകയുള്ളൂ.”

error: Content is protected !!