ബ്രഹ്മാണ്ഡപുരാണത്തിൽ ശ്രീവിദ്യാ എന്താണെന്നും , അതിന്റ്റെ ഉദ്ദേശവും, അത് മറ്റ് താന്ത്രിക മാർഗ്ഗങ്ങളിൽ നിന്നും എങ്ങനെ ഭിന്നമായിരിക്കുന്നു എന്നും വിശദമായി പ്രദിപാദിച്ചിട്ടുണ്ട്. ഒരു കുടുംബസ്ഥനു ഗാർഹിക ജീവിതം നയിക്കുമ്പോൾ തന്നെ, എങ്ങിനെ ആത്മീയ പുരോഗതിയും, ഭൗതീക അഭിവൃദ്ധിയും ഒരേ സമയം സ്വായത്തമാക്കാമെന്ന് , അഗസ്ത്യ മുനി ഭഗവാൻ ഹയഗ്രീവനോട് മാർഗ്ഗനിർദേശം ചോദിക്കുന്നുണ്ട്.
തസ്മാദശെഷലൊകാനാം ത്രിപുരാരാധനം വിനാ |
ന സ്തൊ ഭൊഗാപവർഗൌം തു യൌഗപദ്യെന കുത്രചിത ||
ത്രിപുര/ശ്രീവിദ്യാ സാധന അല്ലാതെ ഒരു വ്യക്തിക്ക് ഒരേ സമയം ഭുക്തിയും മുക്തിയും നേടാൻ കഴിയില്ലെന്ന് ഭഗവാൻ ഹയഗ്രീവൻ ഉത്തരം കൊടുക്കുന്നു. കുടുംബജീവിതം നയിക്കുന്ന ഒരു വ്യക്തിക്ക് ഭുക്തിയും മുക്തിയും നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമായി ശ്രീവിദ്യയെയാണ് പുരാണത്തിൽ പരാമർശിക്കുന്നത്.
ഒരു ഗൃഹസ്ഥന്, മീരയ്ക്കുള്ള പോലെ ആഴമുള്ള ഭക്തിയോ , ജ്ഞാനയോഗം , ക്രിയയോഗം, കർമ്മയോഗം എന്നിവയാൽ ആത്മസാക്ഷാത്കാരത്തിനുള്ള പ്രതിബദ്ധതയോ ഉണ്ടാകില്ല. കാരണം, വൈരാഗ്യദായകമായ ആഴത്തിലുള്ള ഭക്തിയോ, പ്രതിബദ്ധതയോ , ആത്മ സമർപ്പണത്തിനാലുള്ള സേവന മനോഭാവമോ, ജ്ഞാനമോ, എന്നിവ കുടുംബജീവിതത്തിൽ നിന്നും മാറി, ഏകമാർഗ്ഗത്തിൽ സഞ്ചരിക്കുമ്പോൾ മാത്രം ഉണ്ടാകുന്നതാണ്. ശ്രീവിദ്യയുടെ അടിസ്ഥാനമായ കുണ്ഡലിനീ തന്ത്രം ഗൃഹസ്ഥനു പ്രാപ്യമായ ഭക്തി, ക്രിയ, കർമ്മ, ജ്ഞാന യോഗ എന്നിവയുടെ ഒരു സമ്മിശ്രണപാതയിലൂടെ, ഭുക്തിയിലൂടെ മുക്തി നൽകുന്നു.
അതിനാൽ ശ്രീവിദ്യാ മാർഗ്ഗ നിർദ്ദേശം നൽകുന്ന ഒരു ഗുരു, ശ്രീവിദ്യാ ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന പ്രകാരം മാഹാത്മ്യ ഖണ്ഡം (ഭക്തി), ചര്യ ഖണ്ഡം(കർമ്മം), ക്രിയാ ഖണ്ഡം(സാധന), ജ്ഞാന ഖണ്ഡം(അറിവ് ) എന്നിവയാൽ തിപുരസുന്ദരി ദേവിയുടെ ചൈതന്യത്തിൽ സംയോജിച്ചു ആത്മസാക്ഷാത്കാരം കൈവരിക്കുവാൻ ശിഷ്യനു മാർഗ്ഗനിർദ്ദേശം നൽകുന്നു . ശ്രീവിദ്യയുടെ പാത, ഭക്തി അല്ലെങ്കിൽ ധ്യാനം മാത്രം എന്നതിൽ ഒതുങ്ങുന്നതല്ല. മറിച്ചു, നിരവധി ദേവതകളും ആരാധനാ തലങ്ങളും, പടി പടിയായുള്ള പുരോഗതിയും ഉൾക്കൊള്ളുന്നതാണ് ശ്രീവിദ്യാ തന്ത്ര പാഠ്യപദ്ധതി.